കണ്ണൂർ: അഴീക്കോടിന് ആഘോഷരാവുകൾ സമ്മാനിക്കാൻ ചാൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി രണ്ടു വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകിട്ട് ഏഴു മണിക്ക് കെ.വി സുമേഷ് എം.എൽ.എ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അജീഷ് അദ്ധ്യക്ഷനാകും. കണ്ണൂർ അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യാതിഥിയാകും. തുടർന്ന് നാട്ടുകൂട്ടായ് അവതരിപ്പിക്കുന്ന കലാസന്ധ്യയോടെ കലാപരിപാടികൾക്ക് തുടക്കമാകും. ഫെസ്റ്റിൻ്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് പ്രശസ്ത ട്രൂപ്പുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉത്സവ ലഹരി പകരാൻ ഫുഡ് കോർട്ടിന് പുറമെ പെറ്റ് ഷോ, അമ്യൂസ്മെൻ്റ് പാർക്ക് അക്വേറിയം എന്നിവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 21ന് പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ പാട്ട്, 22ന് അലോഷി അവതരിപ്പിക്കുന്ന ഗസൽ, 23ന് താജുദ്ദീൻ വടകര അവതരിപ്പിക്കുന്ന ഖൽബാണ് അഴിക്കോട്, 24ന് ഡാൻസ് നൈറ്റ്, 25ന് നൗഫൽ റഹ്മാൻ നയിക്കുന്ന മെഗാ ഗാനമേള,26ന് മെഗാ ഷോ , 27ന് നയന ഹാരിസിൻ്റെ ഇശൽ സന്ധ്യ, 28ന് മഴവിൽ ഫോക് ബാൻഡിൻ്റെ പകർന്നാട്ടം, 29ന് ഡി.ജെ ഫ്യുഷൻ ചെണ്ടമേളം 30 ന് അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിക്കുന്ന നാട്ടുമൊഴി നാടൻ പാട്ടു മേള 31 ന് നവവത്സര ആഘോഷത്തിൻ്റെ ഭാഗമായി ഡി.ജെനൈറ്റ് , ജനുവരി ഒന്നിന് സുറുമയെഴുതും സുന്ദരിയോ കണ്ണൂർ സീനത്ത് പാടുന്നു. ജനുവരി രണ്ടിന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നിലാവ് തുടങ്ങി വ്യത്യസ്തമാർന്ന പരിപാടികളാണ് വിവിധ ദിവസങ്ങളിൽ ബീച്ച് ഫെസ്റ്റിവലിൽ അരങ്ങേറുന്നത്: ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ബീച്ച് ഫെസ്റ്റ് കുടുംബശ്രീയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ഹരിത പെരുമാറ്റ ചട്ടം പൂർണമായി പാലിക്കും. ഗതാഗതം സുഗമമാക്കുന്നതിനായി വളപട്ടണം പൊലിസിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ.ശിവദാസൻ, കൺവീനർ ആർ. സനീഷ് കുമാർ, മറ്റു ഭാരവാഹികളായ കെ.പി രഞ്ജിത്ത് ഷിസിൽ തേനായി , സി.സജൽ എന്നിവർ പങ്കെടുത്തു.