ചക്കരക്കല്ല്: മാച്ചേരി ന്യൂ യു.പി സ്കൂളിലെ മുഹമ്മദ് നാഫിഹ് എന്ന ഏഴാം ക്ലാസുകാരന്റെ ചിത്രങ്ങള്‍ ഇനി പാഠ പുസ്തകങ്ങളിലും.
എസ്.സി.ഇ.ആർ.ടി തയാറാക്കുന്ന പാഠ പുസ്തകങ്ങളിലെ പാഠഭാഗങ്ങളില്‍ നാഫിഹിന്റെ വർണാഭമായ ചിത്രങ്ങള്‍ ഇടംപിടിക്കും.
ജന്മനാ കേള്‍വി ശക്തിയില്ലാത്ത നാഫിക് ചെറുപ്പം മുതല്‍ തന്നെ ചിത്ര രചന, വാട്ടർ കളർ, പെൻസില്‍ ഡ്രോയിങ് എന്നിവയില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ചിത്രകലാ അധ്യാപകനായ ആർ.പി. അസ്കറിന്റെ ശിക്ഷണത്തിലാണ് നാഫിഹ് പരിശീലനം നേടിയത്. ശിശു ക്ഷേമ സമിതി നടത്തിയ ജില്ല ചിത്രരചന മത്സരങ്ങളില്‍ രണ്ടുതവണ ഭിന്നശേഷി വിഭാഗത്തില്‍ സമ്മാനം നേടിയ നാഫിഹ്, എസ്.സി.ഇ.ആർ.ടി തിരുവനന്തപുരത്ത് നടത്തിയ ചിത്രരചന ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ കൊണ്ട് അധികൃതരെ അമ്പരിപ്പിച്ചിരുന്നു.
അടുത്ത അധ്യയന വർഷം മുതല്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠ പുസ്തകങ്ങളില്‍ നാഫിഹ് അടക്കമുള്ള വിദ്യാർഥികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശില്‍ നിന്നും നാഫിഹ് ഉപഹാരം ഏറ്റുവാങ്ങി. മൗവ്വഞ്ചേരി ഹിദായത്തുല്‍ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്റസ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
മാച്ചേരി സ്വദേശികളായ ജെ.എം. നജീബിന്റെയും പി. ജസീലയുടെയും മകനാണ്.
