കണ്ണൂരില്‍ വീട്ടില്‍ നിന്ന് 14 പവനും 88,000 രൂപയും കവര്‍ന്നു : മോഷണം നടന്നത് രാത്രി: കുടുംബം കല്യാണത്തിന് പോയപ്പോൾ


കണ്ണൂർ: തളാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവൻ സ്വർണവും പണവും മോഷണം പോയി. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്.

മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. വീട്ടുകാർ വാതില്‍ പൂട്ടി ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.

വീടിന്റെ മുൻ വാതില്‍ കുത്തി തുറന്നാണ് കള്ളൻ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകർത്ത് മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 12 സ്വർണ നാണയങ്ങളും 2 പവൻ മാലയും 88000 രൂപയും കവർന്നു. 

വീട്ടുടമസ്ഥൻ ഉമൈബയും കുടുംബവും വിദേശത്താണ്. ഉമൈബയുടെ മകൻ നാദിർ തന്‍റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു.

ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി തലേ ദിവസം വാതില്‍ പൂട്ടി പോയതാണ് നാദിർ. വിവാഹ ആഘോഷം കഴിഞ്ഞ് നാദിർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ