കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ആശുപത്രി അധികൃതരുടെ അനാസ്ഥ.
കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2.30നാണ് ചികിത്സ വൈകിയതിനെ തുടർന്ന് രജനി മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. നവംബർ 4 നാണ് ഇവർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് രജനി ആദ്യം എത്തിയത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.
എന്നാല്‍ നവംബർ 4ന് മരുന്നുകള്‍ നല്‍കി ഇവരെ തിരിച്ചയച്ചു. വീട്ടിലെത്തിയ രജനിക്ക് അന്നേ ദിവസം രാത്രി വീണ്ടും അസുഖം മൂർച്ഛിച്ചു. തുടർന്ന് രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സ വൈകിയാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്. മൂന്ന് ദിവസമാണ് രജനി കാഷ്വാലിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.
ശേഷം രജനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാല്‍ വേദന സഹിക്ക വയ്യാതെ ബഹളാണ് ഉണ്ടാക്കിയ രജനിക്ക് മാനസിക രോഗത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്ന് കുടുംബം വ്യക്തമാക്കുന്നു. ഈ സമയം സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരാണ് രജനിയെ പരിശോധിച്ചതെന്നാണ് ആരോപണം.
ഇതിനിടെ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടർ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റാൻ നിർദ്ദേശം നല്‍കി. തുടർന്ന് ഏഴാം തിയ്യതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. എന്നാല്‍ ഇവിടെവച്ച് രജനിയുടെ ആരോഗ്യസ്ഥിതി വഷളായി. അഡ്മിറ്റ് ആയി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്ന രജനിക്ക് ചികിത്സ ലഭിച്ചത്.
ആരോഗ്യസ്ഥിതി വഷളായതോടെ ഇവരെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റർ സഹായത്തില്‍ കഴിയവേ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. രജനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
സംഭവത്തില്‍ ഭർത്താവ് ഗിരീഷ് സൂപ്രണ്ടിന് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറയുന്നു. ഈ പരാതിയില്‍ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാല്‍ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
പേരാമ്പ്ര പോലീസിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി.