കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി അഡീഷണൽ ജില്ല കോടതിയാണ് വിധി പറഞ്ഞത്.
നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യ ഹർജിയില്‍ വിധി. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.
പ്രോസിക്യൂഷൻ വാദം
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഭീഷണി സ്വരമാണ് യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ ഉയർത്തിയത്. മാധ്യമങ്ങളെ ക്ഷണിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശമുണ്ട്. ദൃശ്യങ്ങള്‍ ചോദിച്ചു വാങ്ങി ദിവ്യ പ്രചരിപ്പിച്ചു. അഴിമതി പരാതിയുണ്ടെങ്കില്‍ സംവിധാനങ്ങളെ ആശ്രയിച്ചില്ല. പകരം ഉദ്യോഗസ്ഥനെ അപമാനിക്കാൻ ശ്രമിച്ചു.
എഡിഎമ്മിനെക്കുറിച്ച് കളക്ടറോട് ഒക്ടോബർ 14ന് രാവിലെ ദിവ്യ പരാതി പറഞ്ഞെന്നും തെളിവില്ലാതെ അത് ഉന്നയിക്കുന്നരുതെന്ന് കളക്ടർ പറഞ്ഞെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.
കുടുംബത്തിന്റെ വാദം
നവീൻ ബാബുവിന്‍റെ മകളുടെ ചിത്രമുള്‍പ്പെടെ ഉയർത്തി വൈകാരികമായാണ് കുടുംബത്തിന് വേണ്ടി അഭിഭാഷകൻ വാദിച്ചത്. അധികാര പരിധിയില്‍പ്പെടാത്ത കാര്യമായിട്ടും ഒരു എഡിഎമ്മിന് മേല്‍ സ്വകാര്യ പമ്പിന് അനുമതി നല്‍കാൻ സമ്മർദം ചെലുത്തി. പെട്രോള്‍ പമ്പ് ബിനാമി ഇടപാടെന്നും ഇതില്‍ ദിവ്യയുടെ ബന്ധം അന്വേഷിക്കണമെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പെട്രോള്‍ പമ്പിൽ ദിവ്യയുടെ താത്പര്യമെന്താണെന്ന് കണ്ടെത്തണമെന്നും അഭിഭാഷകൻ വാദിച്ചു.
ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത് യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല.
സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എഡിഎമ്മിനെ സമ്മർദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്.