കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഎസ്എസ് ബന്ധത്തെക്കുറിച്ച് കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി ഷാഫി പറമ്പിൽ രംഗത്തെത്തി. എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ ശീലമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കെ സുരേന്ദ്രൻ പോലും ഇത്രയധികം ആർഎസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പൂരിലാണെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹത്തിന്റെ ശമ്പളം നാഗ്പൂരിൽ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷാഫി വിമർശിച്ചു. എഡിജിപിയെ മാറ്റാൻ ആർഎസ്എസിൽ നിന്ന് അനുമതി കിട്ടിക്കാണില്ലെന്നും അതിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എഴുതി നൽകിയ കാര്യങ്ങളാണ് പത്രത്തിൽ വന്നതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഹിന്ദുവിന് നൽകിയ അഭിമുഖം ഡൽഹിയിലെ ആർഎസ്എസ് നേതാക്കളുടെ കയ്യിലെത്താൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ആഗ്രഹിക്കുന്ന വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.