പത്തനംതിട്ട: എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. പത്തനംതിട്ട പഴകുളം സ്വദേശിയായ വിഷ്ണുവാണ് (27) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.വ്യാഴാഴ്ച രാവിലെ കഞ്ചാവ് കേസില്‍ വീട്ടില്‍ പരിശോധനയ്ക്കെത്തിയ പറക്കോട് എക്‌സൈസ് സംഘം യുവാവിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഞ്ചാവ് കേസില്‍ താൻ ഉള്‍പ്പെട്ടിട്ടില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്ണു പറഞ്ഞിരുന്നു. പൊലീസും എക്‌സൈസും മോശമായി പെരുമാറിയെന്ന് യുവാവ് പറഞ്ഞതായി അയല്‍വാസി പറഞ്ഞു. മകനെ ഉദ്യോഗസ്ഥർ ക്രൂരമായി ഉപദ്രവിച്ചെന്ന് മാതാവും മാദ്ധ്യമങ്ങളോട് പറഞ്ഞു.മുറിയില്‍ കിടന്നുറങ്ങിയിരുന്ന വിഷ്ണുവിനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിർത്തിയാണ് മർദ്ദിച്ചത്.എന്തിനാണ് അടിക്കുന്നതെന്നും നാണക്കേട് കൊണ്ട് തൂങ്ങിമരിക്കാൻ പോകുകയാണെന്നും വിഷ്ണു പറഞ്ഞതായി ബന്ധു പറഞ്ഞു.സംഭവത്തില്‍ എക്സൈസ് സിഐയോട് റിപ്പോർട്ടാവശ്യപ്പെട്ടതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. വിഷ്ണുവിന്റെ അയല്‍വാസിയുടെ കൈയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന്റെ ഭാഗമായി കാര്യങ്ങള്‍ ചോദിക്കാനാണ് യുവാവിന്റെ വീട്ടില്‍ പോയതെന്നും മർദ്ദിച്ചിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി.
