കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറക്ക് ഇന്ന് തുടക്കം. കളക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ ദീപം തെളിയിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി. ഇന്ദിര സ്വാഗതം പറയും. മുൻ മേയറും ദസറ കോർഡിനേറ്ററുമായ ടി ഒ മോഹനൻ ആമുഖ പ്രഭാഷണം നടത്തും.
പി. സന്തോഷ് കുമാർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥികളാകും. കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, സ്വാമി അമൃത കൃപാനന്ദപുരി, ഹാഷിർ ബാഖവി, മോൺ. ക്ലാരൻസ് പാലിയത്ത് എന്നിവർ വിശിഷ്ടാതിഥികളാകും. വിവിധ പാർട്ടി പ്രതിനിധികൾ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ദേവ്ന ബിജീഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ടാഷ അന്ന ഈപ്പൻ അവതരിപ്പിക്കുന്ന ഭരതനാട്യം, വി വിവേകാനന്ദൻ നയിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. ദസറ ഒക്ടോബർ 12ന് സമാപിക്കും.