കൊല്ലം: ഓയൂർ റോഡുവിളയില്‍ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച വിനോദിന്റെ മകനും മരിച്ചു. 18 വയസുള്ള മിഥുനാണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ ഇന്ന് പുലർച്ചെയാണ് മിഥുൻ മരിച്ചത്. 13 വയസുള്ള സഹോദരി വിസ്മയ ഗുരുതരവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
ശനിയാഴ്ച 11.30 യോടെ വീടിന്റെ വാതില്‍ അടച്ചതിനുശേഷം മക്കള്‍ ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഉറങ്ങിക്കിടന്ന മക്കളോടൊപ്പം പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൊട്ടടുത്ത മുറിയില്‍ വിനോദിന്റെ അമ്മ വസന്തകുമാരിയും ഉണ്ടായിരുന്നു. എന്നാല്‍ മുത്തശ്ശി പേരക്കിടങ്ങാളുടെ ദുരവസ്ഥ അറിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ മൂവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ മരിച്ചതിലുള്ള മനോവിഷമവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
മക്കളായ മിഥുൻ, വിസ്മയ എന്നിവർ വിനോദിനൊപ്പം ഭക്ഷണം കഴിച്ചു ഒരേ മുറിയില്‍ കിടക്കുകയായിരുന്നു. ഭാര്യയുടെയും അച്ഛന്റെയും വേർപാട് വിനോദിനെ വല്ലാതെ തളർത്തിയിരുന്നു. അതിന്റെ മനോവിഷമം ആയിരിക്കാം ഈ കടുകൈയ്ക്ക് കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. വാർക്കപ്പണിക്കാരുടെയും മേസൻമാരുടെ സഹായിയായും ജോലി ചെയ്താണ് വിനോദ് മക്കളെ പഠിപ്പിച്ചിരുന്നത്.
ആംബുലൻസില്‍ നാട്ടുകാർ എടുത്തു കയറ്റിയപ്പോഴും തീപൊള്ളലേറ്റ് വേദനയില്‍ കഴിഞ്ഞ മിഥുൻ അനുജത്തി വിസ്മയെ സമാധാനിപ്പിക്കുന്ന രംഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് പ്രാർത്ഥനകള്‍ വിഫലമാക്കി മിഥുനും യാത്രയായത്.
