മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടന പരിപാടി സംഘാടക സമിതി രൂപീകരിച്ചു

 


ഒക്‌ടോബർ രണ്ടിന് നടക്കുന്ന മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടന പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക രൂപീകരണ യോഗം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രമായ മേലെ ചൊവ്വയിലെ കുരുക്കഴിക്കാനുള്ള ഏറെ നാളത്തെ പരിശ്രമത്തിനാണ് സാക്ഷാത്ക്കാരമാവുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ തുടർച്ചയായി കാൽടെക്‌സ് ജംഗ്ഷനിലെ 138 കോടി രൂപയുടെ ഫ്‌ളൈ ഓവറും 738 കോടിയുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെൻറ് പ്രൊജക്ടും യാഥാർഥ്യമാവുന്നതോടെ കണ്ണൂർ നഗരം വലിയ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കും. ജനകീയ പങ്കാളിത്തവും സഹകരണവും ഉണ്ടായാൽ ഏത് പദ്ധതിയും വേഗം പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ കോർപറേഷൻ കൗൺസിലർ സിഎം പത്മജ അധ്യക്ഷയായി. ഡോ. വി ശിവദാസൻ എംപി, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, മുൻ എംഎൽഎ എം വി ജയരാജൻ, കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ, സിഎച്ച് അസീമ, ആർബിഡിസികെ മാനേജർ കെ അനീഷ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻറ് ടികെ രമേഷ് കുമാർ എന്നിവർ സംസാരിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ സുധാകരൻ, ഡോ. വി ശിവദാസൻ, മേയർ മുസ്‌ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര എന്നിവർ രക്ഷാധികാരികളും പ്രകാശൻ പയ്യനാടൻ ചെയർമാനും കെ രാജീവൻ കൺവീനറുമായി വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ