500 രൂപയുടെ നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍!; 1.6 കോടി വ്യാജ കറന്‍സി പിടിച്ചെടുത്തു


അഹമ്മദാബാദ്: മഹാത്മഗാന്ധിയുടെ ഫോട്ടോക്ക് പകരം നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള കള്ളനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. 1.6 കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്ത് പൊലീസ് പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകളിലാണ് അനുപംഖേറിന്റെ ചിത്രം പതിച്ച് കളളനോട്ടുകള്‍ ഇറക്കിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയത്.

ഗുജറാത്തിലെ അഹമ്മദാബാദിലെ വ്യാപാരിക്കാണ് 2100 ഗ്രാം സ്വര്‍ണത്തിനുപകരം 1.3 കോടി രൂപയുടെ കള്ളനോട്ടുകള്‍ നല്‍കിയത്. 500 രൂപയുടെ 26 കെട്ടുകളാണ് തട്ടിപ്പുസംഘം വ്യാപാരിക്ക് നല്‍കിയത്. നോട്ട് എണ്ണിത്തുടങ്ങിയപ്പോഴാണ് ഗാന്ധിജിക്ക് പകരം അനുപം ഖേര്‍ ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനോടകം തട്ടിപ്പ് സംഘം സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


സംഭവത്തില്‍ അന്വേഷണം അന്വേഷണം ആരംഭിച്ചതായി സൂറത്ത് കമ്മീഷ്ണര്‍ രാജ്ദീപ് നുകും അറിയിച്ചു. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫര്‍സി' സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളപ്പണം നിര്‍മിച്ച് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വ്യാജ കറന്‍സി നിര്‍മാണ യൂണിറ്റ് പിടികൂടിയിരുന്നു. കേസില്‍ നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ