ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

 


കേരളം : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്. 62-ാമത്തെ കേസായി ലിസ്റ്റ് ചെയ്തിരിക്കുന്ന സിദ്ദിഖിന്റെ അപേക്ഷയ്ക്കായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തകി ഹാജരാകും. അതേസമയം, അതിജീവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ കോടതിയിൽ ഹാജരാകും.

A.M.M.A യും WCC യും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഡൽഹിയിലെത്തി സർക്കാരിനു വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

സിദ്ദിഖിനെതിരെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സുപ്രിംകോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ കേസിൽ നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ, കേസിന്റെ നിലവിലെ സ്ഥിതിയും അന്വേഷണത്തിന്റെ ദിശയും വ്യക്തമാകുമെന്നാണ് കരുതുന്നത്.

വളരെ പുതിയ വളരെ പഴയ