കൂത്തുപറമ്പിൽ 1994 നവംബർ 25ന് നടന്ന ഡിവൈഎഫ് ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
പുഷ്പനെ കാണാൻ ചെഗുവേരയുടെ മകൾ അലിഡ ഗുവേര ഉൾപ്പെടെ അനേകായിരങ്ങൾ ഇതിനകം മേനപ്രത്തെ വീട്ടിലെത്തി. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങൾ അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി. ബാലസംഘത്തിലൂടെയാണ് മനസ്സിൽ ഇടതുപക്ഷ ആശയം വേരുറച്ചത്. നോർത്ത് മേനപ്രം എൽപി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്കൂളിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിർത്തി ആണ്ടിപീടികയിലെ പലചരക്ക് കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു. ബംഗളൂരുവിൽനിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്.
യുഡിഎഫ് സർക്കാറിൻ്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവൻ. കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ തളർന്ന ശരീരവുമായി ഡിവൈഎഫ് ഐയുടെയും എസ് എഫ് ഐയുടെയും സമ്മേളനങ്ങളിൽ പലവട്ടമെത്തി.
ഡിവൈഎഫ്ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്ഐ പ്രവർത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ തലശേരി ടൗൺഹാളിലാണ് ഒടുവിലെത്തിയത്. കർഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി).