കണ്ണൂർ : ദേശീയ പഠന നേട്ട സർവേയിൽ (പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൻ) വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ പ്രവർത്തന പദ്ധതിയുമായി കേരളം.പദ്ധതിയുടെ ഭാഗമായി 3, 6, 9 ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ സ്പെഷൽ ക്ലസ്റ്റർ ഇന്ന് സംസ്ഥാനത്ത് ഉടനീളം നടക്കും.മൂന്നാം ക്ലാസിൽ ഭാഷ, പരിസര പഠനം, ഗണിതം വിഷയങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകുക. 6ാം ക്ലാസിൽ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക വിഷയങ്ങളിലും 9ാം ക്ലാസിൽ ഭാഷ, ഗണിതം രസതന്ത്രം, ഊർജ തന്ത്രം, ജീവശാസ്ത്രം, സോഷ്യൽ സയൻസ് വിഷയങ്ങളിലും പരിശീലനം നൽകും.
രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം. നവംബർ 19 നാണ് ദേശീയ പഠന നേട്ട സർവേ നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം മനസ്സിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സർവേ സംഘടിപ്പിക്കുന്നത്.3, 6, 9 ക്ലാസുകളിലെ കുട്ടികളെയാണ് വിലയിരുത്തുക. കുട്ടികൾ കൈവരിച്ച ശേഷി ഉറപ്പാക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടാവുക. ചോദ്യ മാതൃകകൾ പരിചയപ്പെടുത്തുന്ന പ്രതിവാര പരീക്ഷയും മാതൃക പരീക്ഷയും ആസൂത്രണം ചെയ്തിട്ടുണ്ട്.