തലശ്ശേരി : തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഭരണസമിതിയിൽനിന്ന് രാജിവെച്ച പ്രസിഡന്റ് കെ.പി. സാജുവിനെ വീണ്ടും ഡയറക്ടറായി ഭരണസമിതി യോഗം നോമിനേറ്റ് ചെയ്തു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് ബുധനാഴ്ച ഭരണസമിതിയോഗം ചേർന്നത്.
ഭരണസമിതിയിലെ നാല് അംഗങ്ങൾ ജോ. രജിസ്ട്രാർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ഡി.സി.സി. ജനറൽ സെക്രട്ടറികൂടിയായ സാജു കഴിഞ്ഞ ദിവസം രാജിവെച്ചത്. ഡി.സി.സി. ജനറൽ സെക്രട്ടറി സി.ടി. സജിത്ത്, മീറാ സുരേന്ദ്രൻ, ടി.പി. വസന്തകുമാരി, സി.കെ. ദിലീപ്കുമാർ എന്നിവരാണ് പരാതി നൽകിയത്.
സാജുവിനെ വീണ്ടും ഭരണസമിതിയിലുൾപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അറിയിച്ച് പരാതി നൽകിയ നാലു പേരും ബുധനാഴ്ച ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ജോ. രജിസ്ട്രാർക്ക് പരാതി നൽകിയതിന് നാല് ഭരണസമിതി അംഗങ്ങൾക്ക് ജില്ലാ കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.