കണ്ണവത്തെ ഉരുള്‍ പൊട്ടല്‍; ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നടപടി തുടങ്ങി.


കൂത്തുപറമ്പ്: ഉരുള്‍പൊട്ടലുണ്ടായ കണ്ണവത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ച്‌ തുടങ്ങി. ചിറ്റാരിപ്പറമ്ബ് പഞ്ചായത്തിലെ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അടിയന്തര സഹായം ലഭ്യമാക്കി സർവ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും വേണ്ടി പഞ്ചായത്തില്‍ അവലോകനയോഗം ചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രളയദുരന്തം മൂലം കഷ്ടത അനുഭവിക്കുന്ന പഞ്ചായത്തിലെ 240 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ യോഗത്തില്‍ ചർച്ച ചെയ്തു.

കഴിഞ്ഞ ജൂലൈ 30നാണ് കണ്ണവം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തുടർന്ന് കണ്ണവം മുടപ്പത്തൂർ ഇടുമ്ബ വട്ടോളി പുഴയില്‍ വെള്ളപ്പൊക്കം സംഭവിക്കുകയായിരുന്നു. കനത്ത നാഷനഷ്ടാണ് ഇതുണ്ടാക്കിയത്. അതേസമയം വെള്ളപ്പൊക്കത്തില്‍ തകർന്ന പാലങ്ങള്‍ പുനർ നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട പൊതുമരാമത്ത് ഡിപ്പാർട്ട്മെന്റുകളോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു. പൂർണ്ണമായും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിർമ്മിച്ചു നല്‍കുന്നതിനും ഭാഗികമായി തകർന്ന വീടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും വെള്ളപ്പൊക്കം മൂലം ഗൃഹോപകരണങ്ങള്‍, ഫർണിച്ചറുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെയടക്കം സഹായിക്കുന്നതിനായി ജനപ്രതിനിധികളും രംഗത്തിറങ്ങും.

ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികള്‍ , യുവജന സംഘടനകള്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. പ്രവർത്തിക്കുന്നതിന് അവലോകനയോഗത്തില്‍ തീരുമാനമായി .യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ്‍ യുപി ശോഭ പങ്കെടുത്തു. യോഗത്തില്‍ വിവിധ രാഷ്ട്രീയ, യുവജന, സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ ടി അലിഹാജി, എൻ വിജയൻ, ഇബ്രാഹിം മാസ്റ്റർ, സനില്‍കുമാർ, ദിനേശൻ, ടി പവിത്രൻ, സി മധു, സജിത, പ്രമോദ്, ധർമ്മരാജൻ, മുജീബ് റഹ്മാൻ, റഫീഖ്, രഞ്ജിത്ത്, അനീഷ് പി, നസീർ, സി വിജയൻ, എൻ വിജയൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ എം മാത്യു സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജ രാജീവൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ