കേരളം : ട്രാഫിക് ബ്ലോക്കിനിടെ ഫുട്പാത്തിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ്. തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാമെന്നും വീഡിയോയിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, തീയതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതിയോടൊപ്പം ചേർക്കണം. നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. വാഹനങ്ങൾ ഈ വഴിയിലൂടെ കയറുന്നത് കാൽനടയാത്രക്കാരുടെ ഫുട്പാത്തിലൂടെയുള്ള യാത്ര അപകടകരമാക്കും. കൂടാതെ ഇരുചക്രവാഹനങ്ങൾ ഈ വഴി പോകുമ്പോൾ അപകടത്തിൽപ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരുക്കേൽക്കും. മാത്രമല്ല, മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട്പാത്തിലെ ഇന്റർലോക്ക് ടൈലുകൾ തകരുന്നതും പലയിടത്തും പതിവാണ്. അശ്രദ്ധമായ ഡ്രൈവിംഗ് വാഹനത്തിലെ യാത്രക്കാർക്കും ഡ്രൈവർക്കും മാത്രമല്ല, നിരത്തിലെ മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നും പോലീസ് പൊതുജനങ്ങളെ അറിയിച്ചു. ഉത്തരവാദിത്വത്തോടെ വാഹനമോടിക്കാനും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും എപ്പോഴും പാലിക്കാനും യാത്രികർ ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പ് നൽകി.