കേരളം : ലൈംഗികാരോപണക്കേസിൽ എം.മുകേഷ് എംഎൽഎയുടെ രാജി ഉടനില്ലെന്ന് സിപിഐഎം തീരുമാനിച്ചു. ആരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടിയുടെ നിലപാട്. സംസ്ഥാന സമിതി യോഗത്തിൽ ഈ വിഷയം ചർച്ചയായി. എം മുകേഷിന്റെ വിശദീകരണം പാർട്ടി കേൾക്കുമെന്നും അറിയിച്ചു.
എന്നാൽ, ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. സിപിഐഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘത്തോടും മുകേഷ് മുഖം തിരിച്ചു.
പീഡന പരാതിയിൽ തെളിവ് ശേഖരണത്തിന് എത്തിയ അന്വേഷണ സംഘത്തിന് ഫ്ലാറ്റിന്റെ താക്കോൽ കൈമാറാതെയാണ് മുകേഷ് പ്രതികരിച്ചത്. കോടതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി. പാർട്ടി നടപടി ഉണ്ടാകാതിരുന്നതോടെ താൻ തന്നെയാണ് ഇപ്പോഴും എംഎൽഎ എന്ന് സൂചിപ്പിക്കാൻ മുകേഷ് ഫേസ്ബുക്കിൽ പെരുമൺ പാലത്തിൻറെ ചിത്രം പോസ്റ്റ് ചെയ്തു.