കടയില്‍ വില്‍ക്കാൻ വെച്ചിരിക്കുന്ന കാരറ്റ് എടുത്തു കഴിക്കരുതെന്ന് പറഞ്ഞ പച്ചക്കറിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി.റാന്നി അങ്ങാടിയിലാണ് സംഭവം. റാന്നി മക്കപ്പുഴ ചേത്തയ്ക്കല്‍ പൊടിപ്പാറ പുതുപറമ്പിൽ പള്ളിയമ്ബില്‍ അനില്‍കുമാറിനാണ് (52) വെട്ടേറ്റ് മരിച്ചത്. തർക്കത്തിനിടെ വെട്ടേറ്റ കടയിലെ ജീവനക്കാരി മഹാലക്ഷ്മി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ അങ്ങാടി കരിങ്കുറ്റി പുറത്തേപ്പറമ്ബില്‍ പ്രദീപ് (ഇടത്തൻ-43), കളമാംകുളത്ത് രവീന്ദ്രൻ (42) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കടയിലെത്തിയ പ്രദീപും രവീന്ദ്രനും കാരറ്റ് എടുത്തുകഴിക്കുകയും ശേഷം വീണ്ടും എടുത്തപ്പോള്‍ കാരറ്റിന് വലിയ വിലയാണെന്നും ആവശ്യമുണ്ടെങ്കില്‍ വിലകൊടുത്തു വാങ്ങണമെന്നും ജീവനക്കാരി മഹാലക്ഷ്മി പറയുകയുമായിരുന്നു. തുടർന്ന് 250 ഗ്രാം കാരറ്റ് വാങ്ങിയെങ്കിലും പണം നല്‍കിയില്ല. ഇതിനെ ജീവനക്കാരി ചോദ്യംചെയ്തത് തർക്കത്തില്‍ കലാശിക്കുകയായിരുന്നു.
മഹാലക്ഷ്മിയുടെ ഭർത്താവും കടയിലെ മറ്റൊരു ജീവനക്കാരനും എത്തിയതോടെ ഉന്തുംതള്ളുമായി. തുടർന്ന് കാണിച്ചുതരാമെന്നുപറഞ്ഞ് പ്രദീപും സുഹൃത്തും അവിടെനിന്നുപോയി. ശേഷം 10 മണിയോടെ വടിവാളുമായി എത്തിയ ഇവർ മഹാലക്ഷ്മിയെ വെട്ടുകയായിരുന്നു. തടയാനെത്തിയ അനില്‍കുമാറിനെയും പ്രദീപ് വെട്ടി. കടയില്‍നിന്നിറങ്ങി റോഡിലേക്കോടിയ അനിലിനെ പിന്നാലെ എത്തിയ പ്രദീപ് വീണ്ടും വെട്ടി. അനില്‍കുമാർ റോഡില്‍വീണു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അനില്‍ മരിച്ചു.
പോലീസിനെ കണ്ട് പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്ന ചിലർ സ്‌കൂട്ടറില്‍ പിടിച്ചതിനാല്‍ മറിഞ്ഞു. തുടർന്ന് ഓടിയ ഇരുവരെയും പോലീസ് പിന്തുടർന്ന് മുക്കാല്‍ മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെയാണ് സംഭവം. അങ്ങാടിയില്‍ എസ്.ബി.ഐ.ക്ക് സമീപമാണ് അനില്‍കുമാറിന്റെ പച്ചക്കറിക്കട. മരിച്ച അനില്‍കുമാറിന്റെ ഭാര്യ പുഷ്പ. മക്കള്‍: അഞ്ജന, അനൂപ്.
റാന്നി ഡിവൈ.എസ്.പി. ആർ.ജയരാജ്, ഇൻസ്‌പെക്ടർ ജിബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.