രാജ്യത്ത് വര്‍ധിച്ചുവരുന്ന ചെറുതുകകളിലെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പരിഹാരമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നഷ്ടപരിഹാര ചട്ടക്കൂട് പ്രഖ്യാപിച്ചു.
രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളുടെ 65 ശതമാനവും 50,000 രൂപയില്‍ താഴെയുള്ള തുകകളിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, 25,000 രൂപ വരെ വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഉപഭോക്താവിന് യാതൊരു ബാധ്യതയും ഉണ്ടാകില്ല. ഇത്തരം കേസുകളില്‍ പ്രത്യേക ചോദ്യം ചെയ്യലുകളില്ലാതെ തന്നെ നഷ്ടപരിഹാരം അനുവദിക്കാനാണ് തീരുമാനം.
അതേസമയം, ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ബാങ്കുകളുടെ ഭാഗത്ത് നിന്ന് കര്‍ശന പരിശോധനകള്‍ ഉണ്ടാകും. നഷ്ടപരിഹാര തുകയുടെ 15 ശതമാനം ഉപഭോക്താവും, 15 ശതമാനം ബാങ്കും വഹിക്കേണ്ടിവരും. ബാക്കി വരുന്ന പ്രധാന പങ്ക് ആര്‍ബിഐ ആണ് നല്‍കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
ഈ നഷ്ടപരിഹാര സൗകര്യം ഒരു ഉപഭോക്താവിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ. അശ്രദ്ധ മൂലമോ ആവര്‍ത്തിച്ചുണ്ടാകുന്ന തട്ടിപ്പുകള്‍ക്ക് ഈ ആനുകൂല്യം ബാധകമല്ല. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നു
ചെറുകിട നിക്ഷേപകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം ബാങ്കിംഗ് സംവിധാനത്തിലേക്കുള്ള പൊതുജന വിശ്വാസം വര്‍ധിപ്പിക്കാനും ഈ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
