Zygo-Ad

കുടുംബശ്രീയുടെ സ്‌കൂഫെ പദ്ധതിയുടെ വിജയം: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ കുടുംബശ്രീ

 


കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ മാതൃകയായി ആരംഭിച്ച ‘സ്‌കൂഫെ’ പദ്ധതി ജില്ലയിൽ വലിയ ജനപ്രീതിയും സാമ്പത്തികവിജയവും നേടിയതോടെ ഇപ്പോൾ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കപ്പെടുകയാണ്. സ്‌കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവ ലഭ്യമാക്കുന്ന ഈ സംരംഭം വിദ്യാർത്ഥികളെ സ്‌കൂൾ പരിസരത്തേയ്ക്ക് ഒതുക്കി ലഹരി മാഫിയയുമായി സമ്പർക്കം ഒഴിവാക്കാൻ കാരണമാകുന്നുവെന്നും കുടുംബശ്രീ ജില്ലാ മിഷൻ അറിയിച്ചു.

രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ പ്രവർത്തിക്കുന്ന സ്‌കൂഫെകളിൽ ഉച്ച സമയത്ത് ബിരിയാണി, കുഴിമന്തി, ചപ്പാത്തി, സദ്യ തുടങ്ങിയ വിഭവങ്ങളും മറ്റു സമയങ്ങളിൽ കാപ്പി, ചായ, ലൈം ജ്യൂസ് തുടങ്ങിയ ലഘുഭക്ഷണങ്ങളും ലഭ്യമാണ്. രണ്ട് കുടുംബശ്രീ വനിതകൾ ചേർന്ന് പ്രവർത്തിപ്പിക്കുന്ന ഓരോ സ്‌കൂഫെയിലും കുറഞ്ഞ ചെലവിൽ ഗുണമേൻമയുള്ള ഭക്ഷണം നൽകുന്നത് ജനപ്രീതി നേടുന്നതിന് കാരണമായിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളും സമീപവാസികളും സ്‌കൂഫെ സേവനം ആശ്രയിക്കുന്നുണ്ടെന്നത് ഈ സംരംഭത്തിന്റെ വിജയത്തിന്റെ തെളിവാണ്.

2022-23 സാമ്പത്തിക വർഷത്തിൽ 36.5 ലക്ഷം രൂപ വകയിരുത്തി ആദ്യഘട്ടമായി 25 സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു. തുടർന്ന് 2023-24ൽ 40 ലക്ഷം രൂപയും, 2024-25ൽ 20 ലക്ഷം രൂപയും, 2025-26ൽ 10 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി കൂടുതൽ സ്‌കൂളുകളിൽ സ്‌കൂഫെ സൗകര്യം ലഭ്യമാക്കി. നിലവിൽ ജില്ലയിൽ 62 സ്‌കൂളുകളിലാണ് സ്‌കൂഫെ പ്രവർത്തനം. ട്രൈബൽ സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി ആറളം ഹൈസ്‌കൂളിലും സ്‌കൂഫെ പ്രവർത്തിക്കുന്നു.

പദ്ധതിയുടെ വിജയം കണക്കിലെടുത്ത്, ഇപ്പോൾ കുടുംബശ്രീ സംസ്ഥാന മിഷൻ 'മാ കെയർ' എന്ന പേരിൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും സ്‌കൂഫെ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം ആരംഭിച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ