തിരുവനന്തപുരം: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ആറു വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
'പരീക്ഷാഫലം എങ്ങനെ തടഞ്ഞു വെക്കാനാകും. പരീക്ഷാഫലം തടഞ്ഞു വെക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചിരുന്നു.
ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. തുടർന്നാണ് എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചത്. ഇനി ഈ വിദ്യാർഥികള്‍ക്ക് തുടർ പഠനത്തിന് അവസരമുണ്ടാകും.
ഫെബ്രുവരി 28നാണ് വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
പ്രതികളായ വിദ്യാർഥികള്‍ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു പരീക്ഷ എഴുതിയത്.
എളേറ്റില്‍ എം.ജെ ഹൈസ്കൂള്‍ വിദ്യാർഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പത്താം ക്ലാസ് വിദ്യാർഥികളായ ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് നേരത്തേ വൻ വിവാദമായിരുന്നു.