Zygo-Ad

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി സ്വദേശിയും


ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ(68) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ചൊവ്വാഴ്ചയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ടുണ്ട്.

കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ കല്യാണം ഏപ്രിൽ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വിവരങ്ങൾ വ്യക്തതയില്ല.

ജമ്മു കശ്മീരിൽ വിനോദ സ‌ഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് മരണം സംബന്ധിച്ച വിവരങ്ങൾ നൽകിയത്. അതേ സമയം ആക്രമണത്തിൽ മരിച്ചവരു‌ടെ കണക്കും പരിക്കേറ്റവരുടെ വിവരങ്ങളും സംബന്ധിച്ച ഔദ്യോ​ഗിക റിപ്പോർട്ട് അൽപ സമയത്തിനകം അധികൃതർ പുറത്തുവിടുമെന്നാണ് വിവരം.

ഇതുവരെ കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. 2019 ന് ശേഷം ഉണ്ടാകുന്ന വലിയ ആക്രമണമാണെന്നും റിപ്പോർട്ടുകൾ പറഞ്ഞു. പെഹൽ​ഗാമിൽ വിനോദ സഞ്ചാരികൾ ഒത്തുകൂടിയ സ്ഥലത്തേക്ക് ഇരച്ചെത്തിയ തീവ്രവാദികൾ ആളുകളുടെ പേരുവിരങ്ങൾ ചോദിച്ച ശേഷം നിർത്താതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണസംഖ്യ ഉയരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.‌‌

‌‌‌ട്രക്കിങ്ങിനു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ പെഹൽ​ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പെ​ഗഹ​ൽ​ഗാമിൽ കഴിഞ്ഞ വർഷവും സമാന സംഭവമുണ്ടായിരുന്നു. ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്നും അക്രമികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
വളരെ പുതിയ വളരെ പഴയ