Zygo-Ad

കണ്ണൂരിൽ റിസോര്‍ട്ടില്‍ ജീവനക്കാരന്റെ പരാക്രമം; നായകളെ തീയിട്ടു കൊന്ന് സ്വയം പൊള്ളലേല്‍പ്പിച്ച്‌ തൂങ്ങിമരിച്ചു


കണ്ണൂർ: കണ്ണൂരിൽ പള്ളിയാമൂലയിൽ റിസോർട്ടിൽ പരാക്രമം കാണിച്ചതിനുശേഷം കെയർടേക്കർ ജീവനൊടുക്കി. റിസോർട്ടിലെ നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും ചെയ്ത ശേഷം ഗുരുതരമായി പൊള്ളലേറ്റ് പുറത്തുവന്ന ഇയാളെ അടുത്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഇയാളോട് ജോലി രാജിവെച്ചുപോകണമെന്ന് റിസോർട്ട് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പരാക്രമം. റിസോർട്ടിലെ വളർത്തുനായകളെ മുറിയിലടച്ച ശേഷം അടുക്കളയിൽ നിന്നു സിലിണ്ടറുമായി മുറിയിൽ കയറി വാതിലടച്ച ഇയാൾ തീകൊളുത്തി. സംഭവമറിഞ്ഞ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് തീകൊളുത്തിയത്.

 തീപ്പിടിത്തത്തിൽ രണ്ട് വളർത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയിൽ പുറത്തുവന്ന ഇയാൾ റിസോർട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തീപ്പിടിത്തത്തിൽ റിസോർട്ടിലെ മുറികൾ കത്തിനശിച്ചു. മുകൾ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസമയത്ത് റിസോർട്ടിലെ മറ്റ് മുറികളിൽ അതിഥികളുണ്ടായിരുന്നു. ഇവർക്കാർക്കും പരുക്കേറ്റതായി വിവരമില്ല.

.

വളരെ പുതിയ വളരെ പഴയ