കണ്ണൂർ : സ്‌കൂളുകളും കോളേജുകളും തുറക്കാറായി. കൂടാതെ മഴയുമെത്തും. തീവണ്ടികളിലെ യാത്രാദുരിതം അതികഠിനമാകും. ഇപ്പോൾതന്നെ തിരക്കിൽ യാത്രക്കാർ പുറത്താണ്. പരീക്ഷയ്ക്കും അഭിമുഖത്തിനും പോകുന്നവരുടെ എണ്ണവും വർധിച്ചതോടെ കോച്ചുകളിൽ സൂചികുത്താനിടമില്ലാതായി. പല വണ്ടികളിലും ജനറൽ കോച്ച് കുറച്ചതും സാധാരണ യാത്രക്കാരെ ബാധിച്ചു.ദേശീയപാതാ നിർമാണം കാരണം ഭൂരിഭാഗവും തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് എക്‌സ്‌പ്രസ് വണ്ടികളിലെ ജനറൽ കോച്ചുകൾ കുറച്ചത്.
കേരളത്തിൽ ഏറ്റവും കുറവ് പാസഞ്ചർ/മെമു വണ്ടികൾ ഓടുന്നത് ഉത്തരമലബാറിലാണ്. പകുതിയിൽ യാത്ര അവസാനിക്കുന്ന രണ്ട് ‘അര’ പാസഞ്ചറുകളടക്കം ഇരുഭാഗത്തേക്കുള്ളത് അഞ്ച് വണ്ടികൾ മാത്രം.
പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകാത്തത് മറ്റൊരു അവഗണന. തിരുവനന്തപുരം ഡിവിഷനിൽ നൽകുന്നുണ്ട്. വൈകീട്ട് മംഗളൂരു ഭാഗത്തിക്കുള്ള അവസാന വണ്ടിയാണ് നേത്രാവതി എക്‌സ്‌പ്രസ്. ഇതിൽ ഒന്നര ജനറൽ കോച്ചുകൾ മാത്രമാണുള്ളത്. ഓരോ സ്റ്റേഷനിലും തിരക്ക് കൂടുമ്പോൾ യാത്രക്കാർ ജനറൽ കോച്ചിൽനിന്ന് സ്ലീപ്പറിലേക്ക് കയറും. ടിക്കറ്റ് പരിശോധകരുമായി തർക്കങ്ങൾക്ക് ഇത് ഇടയാക്കുന്നു. ഇതെല്ലാം കണ്ടിട്ടും പ്രതിവിധി ഒരുക്കാതെ അധികൃതരും.