ഡൽഹി : യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കാനാകില്ല. മെഡിക്കൽ കൗൺസിൽ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ബംഗാൾ സർക്കാർ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണ്.
ബംഗാളിൽ പ്രവേശനം ലഭിച്ച യുക്രൈനിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ സ്ക്രീനിങ് ടെസ്റ്റ് എഴുതാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
യുക്രൈനിൽ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ ദന്തൽ വിദ്യാർത്ഥികളാണ്.
യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. തുടർപഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു.